കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

By: 600007 On: Aug 24, 2024, 8:44 AM

ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി റെക്കോർഡിട്ട് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന. അമേരിക്കൻ ആർമിയിൽ‌ നിന്നും വിരമിച്ച ആളാണ് ലുമിനസ്ക. ചരിത്രത്തിൽ ഏറ്റവുമധികം പച്ചകുത്തിയ സ്ത്രീ മാത്രമല്ല ബോഡി മോഡിഫിക്കേഷൻ വരുത്തിയ സ്ത്രീ കൂടിയാണ് ലുമിനസ്ക. 

അവളുടെ ശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കയാണത്രെ. പത്ത് വർഷത്തിനുള്ളിൽ, അവൾ അവളുടെ ശരീരത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. അവളുടെ കൺപോ‌ളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തുവത്രെ. 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്. 

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, യുഎസിലെ ബ്രിഡ്ജ്പോർട്ടിൽ നിന്നുള്ള 36 -കാരിയായ ലുമിനസ്ക തന്റെ തല മുതൽ കാൽ വരെ മനോഹരമായ ഡിസൈനുകളിൽ അലങ്കരിച്ചിരിക്കയാണ്. 'അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്. 

കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവൾ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ​'ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു' എന്നാണ് ലോക റെക്കോർഡ് നേട്ടത്തിൽ അവളുടെ പ്രതികരണം. 

ഒരു സൈനിക കുടുംബത്തിൽ നിന്നാണ് ലുമിനസ്ക വരുന്നത്. തന്റെ യൗവ്വനകാലം മൊത്തം അവൾ അമേരിക്കയുടെ പല ഭാ​ഗങ്ങളിലും സഞ്ചരിക്കുകയായിരുന്നു. അതുപോലെ, മൂന്ന് വർഷം ജപ്പാനിലും താമസിച്ചു. പിന്നീട്, അവളും മെഡിക്കൽ സർവീസ് ഓഫീസറായി സൈന്യത്തിൽ ചേർന്നു.  

സൈന്യത്തിൽ നിന്നും വിരമിച്ച ശേഷമാണ് അവൾ‌ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഓരോ ടാറ്റൂ ചെയ്യുമ്പോഴും വേദനയുണ്ടാകുമെന്നും മെഡിറ്റേഷനിലൂടെയാണ് അതിനെ മറികടന്നിരുന്നത് എന്നും അവൾ പറയുന്നു.