ബ്രാന്‍ഡഡ്' ലിപ്സ്റ്റികും കോസ്മെറ്റിക് വസ്തുക്കളും; ഉള്ളില്‍ ചതി, രഹസ്യ വിവരത്തിൽ റെയ്ഡ്, അടിമുടി ഫെയ്ക്ക്

By: 600007 On: Aug 23, 2024, 11:59 AM

അബുദാബി: യുഎഇയിൽ വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളില്‍ വൻ റെയ്ഡ്. ബ്രാൻഡഡ് എന്ന പേരിൽ സൂക്ഷിച്ച ആറര ലക്ഷത്തിലധികം വ്യാജ ലിപ്സ്റ്റിക്ക്, ഷാംപു എന്നിവയാണ് റാസൽഖൈമയില്‍ പിടിച്ചെടുത്തത്. 


23 മില്യൻ ദിർഹം വിലവരുന്നതാണ് പിടിച്ചെടുത്ത വ്യാജ വസ്തുക്കള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാൽ ബ്രാൻഡഡ് എന്ന് തോന്നുമെങ്കിലും എല്ലാം വ്യാജ വസ്തുക്കളായിരുന്നു. ടോപ്പ് ബ്രാൻഡുകളുടെ പേരില്‍ വ്യാജ ലിപ്സ്റ്റിക്കും ഷാംപൂവും സൗന്ദര്യവർധക വസ്തുക്കളുമാണ് ഇവിടെ സൂക്ഷിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

ആറര ലക്ഷം ലിപ്സ്റ്റിക്ക്, ഷാംപൂ, സൗന്ദര്യ വർധക വസ്തുക്കൾ എ്നനിവയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. 468 ഇനം സാധനങ്ങൾ പിടികൂടി. മൊത്തം 23 മില്യൻ ദിർഹം മൂല്യമുള്ളത്. ഇന്ത്യൻ രൂപയിൽ 52 കോടിയിലധികം വരും. 3 അറബ് പൗരന്മാരെ പിടികൂടി പ്രോസിക്യുഷന് കൈമാറി. റാസൽ ഖൈമ പൊലീസും ഇക്കണോമിക ഡിവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ട്രേഡ് മോണിട്ടറിങ് ആൻഡ് പ്രൊട്ടക്ഷൻ ടീമും ചേർന്നാണ് വമ്പൻ റെയ്ഡ് നടത്തിയത്.