അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് അനുകൂലമായി എയര്‍ കാനഡയിലെ പൈലറ്റുമാര്‍ വോട്ട് ചെയ്തു. തങ്ങളുടെ 98 ശതമാനം അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി എയര്‍ കാനഡയിലെ ആയിരക്കണക്കിന് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ALPA) അറിയിച്ചു. എയര്‍ കാനഡയുമായി ധരണയിലെത്തിയില്ലെങ്കില്‍ 5000 ത്തിലധികം പൈലറ്റുമാര്‍ സെപ്റ്റംബര്‍ പകുതിയോടെ പണിമുടക്ക് ആരംഭിക്കും.
വേതന വര്‍ധന, ന്യായമായ നഷ്ടപരിഹാരം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ALPA മാസ്റ്റര്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ ഫസ്റ്റ് ഓഫീസര്‍ ചാര്‍ലിന്‍ ഹുഡി പറഞ്ഞു. പണിമുടക്ക് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയര്‍ കാനഡ പൈലറ്റുമാര്‍ക്കായി പുതിയ കരാറിലെത്തുന്നതിനായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.