ഭക്ഷ്യ വില വര്‍ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി ലോബ്ലോ. കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനായി ഒന്റാരിയോയിലുടനീളം പുതിയ അള്‍ട്രാ ഡിസ്‌കൗണ്ട് ഗ്രോസറി സ്‌റ്റോറുകള്‍ ആരംഭിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ് കമ്പനി. ആദ്യ ഘട്ടത്തില്‍ മൂന്ന് നോ നെയിം സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മുതല്‍ വിന്‍സര്‍, സെന്റ് കാതറിന്‍സ്, ബ്രോക്ക്‌വില്‍ എന്നിവടങ്ങളിലായിരിക്കും ആദ്യ അള്‍ട്രാ ഡിസ്‌കൗണ്ട് സ്‌റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് ലോബ്ലോ പ്രസിഡന്റും സിഇഒയുമായി പെര്‍ ബാങ്ക് അറിയിച്ചു. തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമായിരിക്കും നോ നെയിം ജനങ്ങള്‍ക്ക് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷമാദ്യം നോ ഫ്രില്‍സ് ഡിസ്‌കൗണ്ട് ബാനറിന്റെ ചെറിയ ഫോര്‍മാറ്റ് ആരംഭിച്ചതിന് ശേഷം കമ്പനി ആരംഭിക്കുന്ന പുതിയ പദ്ധതിയാണിത്.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളില്‍ ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാന്‍ട്രി സ്റ്റേപ്പിള്‍സ് എന്നിവ ഉണ്ടായിരിക്കും. എന്നാല്‍ പാല്‍, ഫ്രഷ് മീറ്റ് പോലുള്ള ശീതീകരിച്ച ഭക്ഷണങ്ങള്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. നോ ഫ്രില്‍സ് സ്റ്റോറുകള്‍ ഉള്‍പ്പെടെ മറ്റ് ഡിസ്‌കൗണ്ട് സ്റ്റോറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അള്‍ട്രാ ഡിസ്‌കൗണ്ട് ഗ്രോസറി സ്‌റ്റോറുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെ വില കുറവായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.