കാനഡയിലുടനീളമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ഊര്‍ജിതമാക്കി ആര്‍സിഎംപി 

By: 600002 On: Aug 23, 2024, 11:05 AM

 


തുടര്‍ച്ചയായി രണ്ടാം ദിവസവും കാനഡയിലുടനീളമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച സിനഗോഗുകള്‍, മ്യൂസിയങ്ങള്‍, മാളുകള്‍ എന്നിവയെ ലക്ഷ്യമാക്കി പുതിയ ഭീഷണി റിപ്പോര്‍ട്ട് ചെയ്തതായി ആര്‍സിഎംപി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയിക്കപ്പെടുന്ന വ്യക്തികളെ തിരിച്ചറിയാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാനും ആഭ്യന്തര, അന്തര്‍ദേശീയ പോലീസ് സേനകളുമായി സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ആര്‍സിഎംപി വ്യക്തമാക്കി. ബുധനാഴ്ച ജൂത സ്ഥാപനങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി അടങ്ങിയ ഇ മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഓട്ടവയിലെ ആശുപത്രികള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഇന്ത്യയിലും സമാനമായ രീതിയില്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ജൂത സംഘടനകളെ ലക്ഷ്യമിട്ടുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ടൊറന്റോ പോലീസ് ബാതര്‍സ്റ്റ് സ്ട്രീറ്റിലെയും ഷെപ്പേഡ് അവന്യു വെസ്റ്റ് ഏരിയയിലെയും കെട്ടിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും പിന്നീട് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇ മെയില്‍ സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് ഉടന്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും ആര്‍സിഎംപി പറഞ്ഞു. 

നിലവില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും പൊതുസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.