മൊബൈല്‍ഫോണില്‍ ടിക്‌ടോക് വീഡിയോ കണ്ടുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ അരിസോണ ട്രക്ക് ഡ്രൈവര്‍ക്ക് 22 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. ഡാനി ജി. ടൈനറിനെ( 38)യാണ് തടവിന് വിധിച്ചത്. 2023 ജനുവരി 12 നാണ് അപകടം നടന്നത്. ഫീനിക്‌സിന് സമീപം ഇന്റര്‍സ്റ്റേറ്റ് 10 ലൂടെ അശ്രദ്ധമായി ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. വാഹനമോടിക്കുമ്പോള്‍ പ്രതി മൊബൈല്‍ഫോണില്‍ ടിക്‌ടോക് വീഡിയോ കാണുകയായിരുന്നുവെന്ന് അരിസോണ പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൈനറിന്റെ ശ്രദ്ധ മാറിയതോടെ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അഞ്ച് പേര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മണിക്കൂറില്‍ ഏകദേശം 88 കിലോമീറ്റര്‍ വേഗത നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍മാണ മേഖലയിലൂടെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് ടൈനര്‍ ട്രക്ക് ഓടിച്ചതെന്ന് ജിപിഎസ് ഡാറ്റ കാണിക്കുന്നുണ്ടെന്ന് മാരികോപ കൗണ്ടി അറ്റോര്‍ണി ഓഫീസ് പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ ട്രക്ക് നിര്‍ത്താന്‍ കഴിയാതെ വരികയും മുന്നിലുള്ള വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും കൂട്ടത്തോടെ ഇടിച്ചു. കൂട്ടിയിടിച്ച രണ്ട് സെമി ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു.
2023 ജൂണ്‍ 29 ന് ടൈനറെ വീട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അഞ്ച് നരഹത്യ, അപായപ്പടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഈ വര്‍ഷം ജൂണില്‍ നടന്ന കോടതി വിചാരണയില്‍ ടൈനര്‍ കുറ്റം സമ്മതിച്ചു.