കാനഡയില്‍ റെയില്‍വെ പണിമുടക്ക് ആരംഭിച്ചു 

By: 600002 On: Aug 22, 2024, 1:25 PM

 


ഇരുവിഭാഗങ്ങളും അംഗീകരിച്ച പുതിയ കരാറിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കാനഡയില്‍ വ്യാഴാഴ്ച റെയില്‍വേ പണിമുടക്ക് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള റെയിവേ ശൃംഖലകളെ പണിമുടക്ക് സാരമായി ബാധിക്കും. കനേഡിയന്‍ നാഷണല്‍ റെയില്‍വേ(സിഎന്‍), കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റി(സിപികെസി) എന്നീ രണ്ട് പ്രധാന റെയില്‍വേകളിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതോടെ ചരക്കുനീക്കങ്ങളെയും വിതരണശൃംഖലകളെയും സാരമായി ബാധിക്കും. കൂടാതെ, പണിമുടക്ക് ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കുവര്‍ എന്നിവടങ്ങളിലെ 32,000 ത്തിലധികം വരുന്ന റെയില്‍വേ യാത്രക്കാരെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 9,300 തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കനേഡിയന്‍ നാഷണല്‍ റെയില്‍വേയിലെയും കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റിയിലെയും ജോലികള്‍ ഒരേസമയം നിര്‍ത്തിവയ്ക്കുന്ന ആദ്യ സംഭവമാണിത്. 

പണിമുടക്ക് ഓരോ ദിവസവും ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ചരക്ക് ഗതാഗതം നിര്‍ത്തലാക്കുമെന്ന് റെയില്‍വേ അസോസിയേഷന്‍ പറയുന്നു. ചരക്ക് കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാന്‍ മുന്‍കരുതലായി ചരക്ക് നീക്കം നിര്‍ത്തിയതായും അസോസിയേഷന്‍ വ്യക്തമാക്കി. 

പണിമുടക്കില്‍ പിന്തിരിയാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറിലെത്താന്‍ കഴിയാതെ വന്നതോടെ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.പണിമുടക്ക് രാജ്യത്ത് ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും പറഞ്ഞ അദ്ദേഹം സിഎന്‍, സിപികെസി. ടീംസ്റ്റേഴ്‌സ് യൂണിയന്‍ എന്നിവരോട് പണിമുടക്കില്‍ നിന്നും പിന്തിരിയാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കാനഡയിലെ ജനങ്ങള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.