കാനഡയിലെ ഖനന മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്തി യുഎസ് സൈന്യം. കൊബാള്‍ട്ടിന്റെ വിതരണം നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ പോരാട്ടം നടക്കുന്നതിനിടയിലാണ് കാനഡയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് യുഎസ് മിലിറ്ററി രംഗത്തെത്തിയിരിക്കുന്നത്. ഒന്റാരിയോയില്‍ കോബാള്‍ട്ട് റിഫൈനറി നിര്‍മിക്കാന്‍ സഹായിക്കുന്നതിന് പെന്റഗണ്‍ 20 മില്യണ്‍ ഡോളറാണ് നിക്ഷേപം നടത്തുന്നത്. പ്രതിരോധ, വാണിജ്യ മേഖലകളില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കൂടുതല്‍ വ്യാവസായിക അടിത്തറ സൃഷ്ടിക്കാന്‍ ധനസഹായം പ്രയോജനപ്പെടുമെന്ന് പെന്റഗണ്‍ പറഞ്ഞു.
ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് മുഖേന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആണ് ധനസഹായം നല്‍കുന്നത്. ഇത് ആഭ്യന്തര ഉല്‍പ്പാദന ശേഷി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കൂടാതെ നോര്‍ത്തേണ്‍ ഒന്റാരിയോയിലെ ഫെസിലിറ്റിയുടെ നിര്‍മാണത്തിനും ഇത് സഹായിക്കും. കനേഡിയന്‍ സര്‍ക്കാര്‍ പ്രൊജക്ടിലേക്ക് 3.6 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമീപകാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ്, മിലിറ്ററി ഹാര്‍ഡ്‌വെയര്‍ ബാറ്ററി എന്നിവ നിര്‍മിക്കാന്‍ പ്രധാനമായി ഉപയോഗിക്കുന്നത് കോബാള്‍ട്ടാണ്. ആഗോള കോബാള്‍ട്ട് വിപണിയുടെ 80 ശതമാനം ചൈനയാണ് നിയന്ത്രിക്കുന്നത്. അതിനാല്‍ സഖ്യകക്ഷികള്‍ക്കിടയില്‍ തങ്ങളുടെ വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാനുള്ള പുതിയ പദ്ധതികള്‍ അമേരിക്ക തേടുകയാണ്.