മോണ്‍ട്രിയലിലെ ഉള്‍പ്പെടെ കാനഡയിലുടനീളമുള്ള ജൂത സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.11 ന് ഏകദേശം 125 സ്ഥാപനങ്ങള്‍ക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ മെയില്‍ സന്ദേശം ലഭിച്ചതെന്നും ഇവയില്‍ പലതും സിനഗോഗുകളും ജൂത കമ്മ്യൂണിറ്റികളുമായി ബന്ധപ്പെട്ടതുമാണെന്നും ആര്‍സിഎംപി സര്‍ജന്റ് ചാള്‍സ് പൊരിയര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള അക്രമാസക്തമായ വധഭീഷണികളാണ് ഇമെയില്‍ സന്ദേശത്തിലുള്ളത്. ബുധനാഴ്ച ഡെല്‍ഹിയില്‍ നൂറോളം ആശുപത്രികള്‍, കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ സമാനമായ തരത്തില്‍ ബോംബ് ഭീഷണി ഇ മെയില്‍ ലഭിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് തന്നെയാണ് കാനഡയിലും ബോംബ്ഭീഷണി ലഭിക്കുന്നത്.
മോണ്‍ട്രിയലില്‍ നിന്നുള്ള ആര്‍സിഎംപിയുടെ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീം അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അയച്ചയാളുടെ ഐപി അഡ്രസ് നിര്‍ണയിക്കാനുള്ള ശ്രമത്തിലാണെന്നും പോയ്‌രിയര്‍ പറഞ്ഞു. ഇന്ത്യയിലും ബോബ്ഭീഷണി സംബന്ധിച്ച് അറിയാമെന്നും സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും മറ്റ് സ്ഥലങ്ങളിലും സമാനമായ ഇ മെയിലുകള്‍ അയച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.