വാഹന മോഷണം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ടൊറന്റോ ക്രൈം സ്‌റ്റോപ്പേഴ്‌സ്

By: 600002 On: Aug 21, 2024, 7:21 PM

 


വാഹന മോഷണം തടയാന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്ത് ടൊറന്റോ ക്രൈം സ്‌റ്റോപ്പേഴ്‌സ്. മോഷണം സംബന്ധിച്ച് നടത്തുന്ന അന്വേഷണങ്ങളില്‍ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്ന ടിപ്പ് സര്‍വീസിലേക്ക് പരിശോധിച്ചുറപ്പിച്ച വിവരങ്ങള്‍ നല്‍കുന്ന ടിപ്സ്റ്റര്‍മാര്‍ക്കാണ് പാരിതോഷികം ലഭിക്കുക. ടൊറന്റോ പോലീസും ടൊറന്റോ ക്രൈം സ്‌റ്റോപ്പേഴ്‌സും ചേര്‍ന്ന് ആരംഭിച്ച ഓട്ടോ-തെഫ്റ്റ് അവയെര്‍നസ്സ് ക്യാമ്പയിന്റെ ഭാഗമായാണ് പാരിതോഷികമായി ഇത്രയും തുക നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന മോഷണം വര്‍ധിച്ചിട്ടുണ്ടെന്നും സംഘടിത ക്രൈം ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും ടൊറന്റോ പോലീസ് മേധാവി മൈറോണ്‍ ഡെംകിവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ 11,900 ലധികം വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണ് കണക്കുകള്‍.