തൊഴില്‍ ചൂഷണവും മോശമായ പെരുമാറ്റവും ആരോപിച്ച് ന്യൂബ്രണ്‍സ്‌വിക്കിലെ സീഫുഡ് പ്രോസസിംഗ് കമ്പനിക്കെതിരെ പരാതി നല്‍കി മെക്‌സിക്കോയില്‍ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികള്‍. ലെബ്രട്ടണ്‍ ആന്‍ഡ് സണ്‍സ് ഫിഷറീസിനെതിരെ ജുവാന്‍ പാബ്ലോ ലെര്‍മ ലോപ്പസ്, അഡ്രിയാന ഡി ലിയോണ്‍ സില്‍വ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്തതായി ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വക്കസി ഓര്‍ഗനൈസേഷന്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് അലയന്‍സ് ഫോര്‍ ചെയ്ഞ്ച് അറിയിച്ചു.
2023 മെയ് 7 മുതല്‍ ഓഗസ്റ്റ് 18 വരെ മാത്രമാണ് ഇരുവര്‍ക്കും ജോലി ലഭിച്ചതെന്ന് സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. ലോപ്പസ് ആഴ്ചയില്‍ ശരാശരി 19 മണിക്കൂറും ലിയോണ്‍ സില്‍വ ആഴ്ചയില്‍ ശരാശരി 20.5 മണിക്കൂറും ജോലി ചെയ്തിരുന്നതായി പറയുന്നു. കമ്പനിയില്‍ തങ്ങള്‍ അധിക ജോലി ചെയ്തിരുന്നതായും ജോലി ഭാരം മൂലം മാനസികമായും ശാരീരികമായും സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടതായും ഇരുവരും പരാതിയില്‍ പറയുന്നു. മറ്റ് രണ്ട് തൊഴിലാളികള്‍ക്കൊപ്പം വായുസഞ്ചാരമില്ലാത്ത ഹോട്ടല്‍ റൂമിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും 300 ഡോളര്‍ വാടക ഇതിന് നല്‍കിയിരുന്നതായും ലോപ്പസ് പറഞ്ഞു. താമസസൗകര്യം വളരെ മോശമായിരുന്നു.
നാല് മാസത്തിന് ശേഷം തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൂടാതെ ജോലിയില്‍ നിരവധി തടസ്സങ്ങളുണ്ടായി. വേതനമില്ലാതായി. ഭക്ഷണം വാങ്ങിക്കുവാനോ, വാടക നല്‍കാനോ, വീട്ടിലേക്ക് പണമയക്കാനോ കഴിയാതെ ബുദ്ധിമുട്ടിലായെന്നും ഇവര്‍ പറയുന്നു. തങ്ങളെ ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. അവരെ സഹായിക്കാന്‍ കഴിയാതെ തങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ലോപ്പസ് വ്യക്തമാക്കി. തങ്ങള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായി ലെബ്രട്ടണ്‍ തങ്ങള്‍ക്ക് 12,500 ഡോളര്‍ വീതം നല്‍കണമെന്നാണ് ഇരുവരുടെയും ആവശ്യം.
അതേസമയം, കുടിയേറ്റ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിന് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അഡ്വക്കസി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. എന്നാല്‍ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ലെബ്രട്ടണ്‍ കമ്പനി തയാറായില്ല. കമ്പനി അഭിഭാഷകനുമായി കേസ് വിശകലനം ചെയ്യുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.