മോണ്‍ട്രിയലിലെ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു 

By: 600002 On: Aug 21, 2024, 9:23 AM

 

 

മോണ്‍ട്രിയലിലെ താല്‍ക്കാലിക വിദേശതൊഴിലാളികളുടെ അപേക്ഷയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ക്യുബെക്ക്. സെപ്റ്റംബറില്‍ കുറഞ്ഞ വേതനമുള്ള ജോലികള്‍ക്കായി പുതിയ താല്‍ക്കാലിക വിദേശ തൊഴിലാളികളെ സ്വീകരിക്കുന്നത് ആറ് മാസത്തേക്ക് മരവിപ്പിക്കുമെന്ന് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട് പറഞ്ഞു. താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഭവന നിര്‍മാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് പുതിയ നീക്കമെന്ന് പ്രീമിയര്‍ പറഞ്ഞു. മോണ്‍ട്രിയലില്‍ ഏകദേശം 12,000 താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ ഉണ്ടെന്നും തീരുമാനം മൊത്തം താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ആദ്യ പടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ അപേക്ഷകള്‍ക്കും പുതുക്കലുകള്‍ക്കും വിലക്ക് ബാധകമായിരിക്കും. എന്നാല്‍ നഴ്‌സുമാര്‍, അധ്യാപകര്‍, നിര്‍മാണ തൊഴിലാളികള്‍, ഭക്ഷ്യ മേഖലയിലെ തൊഴിലാളികള്‍, പ്രതിവര്‍ഷം 57,000 ഡോളറെങ്കിലും വരുമാനം നേടുന്നവര്‍ എന്നിവരെ ഇതില്‍ നിന്നും ഒഴിവാക്കുമെന്ന് ലെഗോള്‍ട്ട് അറിയിച്ചു. 

ഇതുകൂടാതെ, പ്രവിശ്യയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള അധികാരം പ്രവിശ്യയ്ക്ക് നല്‍കുന്നതിനുള്ള ബില്ലും ഉടന്‍ അവതരിപ്പിക്കുമെന്നും ലെഗോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.