പ്രധാന കനേഡിയന്‍ വിപണികളില്‍ ആവറേജ് ഹോം പര്‍ച്ചേസ് ഇന്‍കം കുറഞ്ഞു: റിപ്പോര്‍ട്ട് 

By: 600002 On: Aug 20, 2024, 12:40 PM

 

 

കാനഡയില്‍ സ്വന്തമായി വീട് എന്ന സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാന കനേഡിയന്‍ വിപണികളില്‍ ശരാശരി വീട് വാങ്ങിക്കാനുള്ള വരുമാനം കുറഞ്ഞതായി Ratehub.ca യില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് ജൂലൈയില്‍ 4.5 ശതമാനമായി കുറച്ചിരുന്നു. തല്‍ഫലമായി, നിരവധി കനേഡിയന്‍ നഗരങ്ങളില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഫോര്‍ഡബിളിറ്റി റേറ്റ് കുറഞ്ഞു. കൂടാതെ, ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ഗേജ് നിരക്ക് ജൂണില്‍ 5.47 ശതമാനമായിരുന്നത് ജൂലൈയില്‍ 5.29 ശതമാനമായി കുറഞ്ഞു. ഇതോടെ, കാനഡയിലെ ഏറ്റവും ചെലവേറിയ ഭവന വിപണികളില്‍ മോര്‍ഗേജിന് അര്‍ഹത നേടാനുള്ള വരുമാനം 5,000 ഡോളറിലധികം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

13 നഗരങ്ങളിലെ അഫോര്‍ഡബിളിറ്റിയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ അഞ്ച് നഗരങ്ങളില്‍ ഭവന വില വര്‍ധിച്ചു. എങ്കിലും ഈ വര്‍ധനവ് നികത്താന്‍ കുറഞ്ഞ പലിശ നിരക്ക് മാതിയാകും. 

ടൊറന്റോയും വാന്‍കുവറുമാണ് കാനഡയില്‍ ഏറ്റവും ചെലവേറിയ നഗരങ്ങള്‍. എങ്കിലും, ജൂണ്‍-ജൂലൈ കാലയളവില്‍ ശരാശരി ഭവന വിലയിലുണ്ടായ ഇടിവ് കാരണം ഇരുനഗരങ്ങളിലും വീട് വാങ്ങാന്‍ ആവശ്യമുള്ള വരുമാന നിലവാരത്തിലും ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.