ലോഹ കഷ്ണം കണ്ടെത്തി:167,000 പൗണ്ടിലധികം ഫ്രോസണ്‍ ചിക്കന്‍ നഗറ്റ്‌സുകള്‍ തിരിച്ചുവിളിച്ച് പെര്‍ഡ്യൂ ഫുഡ്‌സ് 

By: 600002 On: Aug 20, 2024, 12:11 PM

 

 

പാക്കേജുകളില്‍ മെറ്റല്‍ വയര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 167,000 പൗണ്ടിലധികം ഫ്രോസണ്‍ ചിക്കന്‍ നഗറ്റ്‌സുകളും ടെന്‍ഡറുകളും തിരിച്ചുവിളിക്കുന്നതായി മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍ഡ്യൂ ഫുഡ്‌സ് അറിയിച്ചു. പെര്‍ഡ്യൂ ബ്രെഡ് ചിക്കന്‍ ടെന്‍ഡര്‍, ബുച്ചര്‍ ബോക്‌സ് ഓര്‍ഗാനിക് ചിക്കന്‍ ബ്രെസ്റ്റ് നഗറ്റ്‌സ്, പെര്‍ഡ്യൂ സിംപ്ലി സ്മാര്‍ട്ട് ഓര്‍ഗാനിക് ബ്രെഡഡ് ചിക്കന്‍ ബ്രെസ്റ്റ് നഗറ്റ്‌സ് എന്നീ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് പെര്‍ഡ്യു ഫുഡ്‌സും യുഎസ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ സര്‍വീസും വ്യക്തമാക്കി. 

ലോഹ സാന്നിധ്യം കണ്ടെത്തിയതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഉപഭോക്തൃ പരാതികള്‍ ലഭിച്ചതിന് ശേഷം ഏകദേശം 167,171 പൗണ്ട്(75,827 കിലോഗ്രാം) ഉല്‍പ്പന്നങ്ങളില്‍ ലോഹ സാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. 

ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന് ശേഷം ആര്‍ക്കും ഇതുവരെ പരുക്കുകളോ മറ്റ് അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി പറഞ്ഞു. ഉല്‍പ്പന്നം കയ്യിലുള്ളവര്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വാങ്ങിയ സ്‌റ്റോറുകളില്‍ തിരികെ നല്‍കുകയോ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.