ഒന്റാരിയോയിലും ക്യുബെക്കിലും മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന പ്രാദേശിക പ്രശ്‌നമായ വാഹനമോഷണം വെസ്‌റ്റേണ്‍ കാനഡയിലേക്കും വ്യാപിക്കുന്നതായി ഫെഡറല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ കാനഡയിലെ വാഹനങ്ങളെ ലക്ഷ്യമിട്ട് സംഘടിത ക്രൈം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോഷ്ടാക്കള്‍ വെസ്‌റ്റേണ്‍ കാനഡയിലെ പ്രവിശ്യകളിലേക്ക് മോഷണം വ്യാപിപ്പിച്ചതായി ആര്‍സിഎംപിയുടെ നേതൃത്വത്തിലുള്ള ദേശീയ ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റലിജന്‍സ് സര്‍വീസ് കാനഡ(CISC) റിപ്പോര്‍ട്ട് ചെയ്തു.
കാനഡയിലെ വാഹനമോഷണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും ഒന്റാരിയോ, ക്യുബെക്ക് ക്രൈം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഘടിത ക്രൈം ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിച്ചതായും ഇത് കൂടുതല്‍ വാഹനമോഷണങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതിനും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്റാരിയോയിലും ക്യുബെക്കിലുമുള്ള 63 എണ്ണം ഉള്‍പ്പെടെ കാനഡയിലുടനീളം 78 സംഘടിത ക്രൈം ഗ്രൂപ്പുകള്‍ മോഷണം നടത്തുന്നുണ്ടെന്ന് CISC റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 നെ അപേക്ഷിച്ച് 62 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആല്‍ബെര്‍ട്ടയില്‍ വാഹനമോഷണങ്ങളുടെ എണ്ണം ക്യുബെക്കിനെ അപേക്ഷിച്ച് 45 ശതമാനം കുറവാണെങ്കിലും പ്രവിശ്യയില്‍ മോഷണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 കാലയളവില്‍ ക്യുബെക്കില്‍ 29,705 വാഹനമോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആല്‍ബെര്‍ട്ടയില്‍ ഈ കാലയളവില്‍ 24,588 വാഹനമോഷണമാണ് റിപ്പോര്‍ട്ട് ചെയ്തത്.