ലോകമെമ്പാടുമുള്ള സോഫ്റ്റ്‌വെയര്‍, സര്‍വീസ് യൂണിറ്റുകളിലെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ജനറല്‍ മോട്ടോഴ്‌സ്. കാനഡയിലും ചെറിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. നൂറുകണക്കിന് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുള്‍പ്പെടെ ശമ്പളം കൈപ്പറ്റിയിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ ഭാവിയെക്കരുതി പിരിച്ചുവിടല്‍ തീരുമാനമെടുക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരാവുകയാണെന്നും കൂടുതല്‍ മെച്ചമുണ്ടാകുന്ന നിക്ഷേപങ്ങളിലേക്ക് തിരിയുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കമ്പനിയിലെ തൊഴിലാളികളുടെ 1.3 ശതമാനമാണ് നിലവില്‍ പിരിച്ചുവിടപ്പെടുന്നത്. പിരിച്ചുവിടല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെയാകും ബാധിക്കുകയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പടുന്നു. ഇലക്ട്രോണിക്-സോഫ്റ്റ്‌വെയര്‍ നിയന്ത്രിത വാഹനങ്ങളുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് കമ്പനിയെ ആശങ്കയിലാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 2023 ഫെബ്രുവരിയില്‍ എക്‌സിക്യുട്ടീവ് വിഭാഗത്തിലുള്ള നൂറുകണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതോടൊപ്പം ഏകദേശം 5000 ത്തോളം തൊഴിലാളികളെ 2023 ഏപ്രിലില്‍ ഒഴിവാക്കിയിരുന്നു. ഇതിലൂടെ 200 കോടി ഡോളര്‍ ലാഭിച്ചതായി കമ്പനി അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ജനറല്‍ മോട്ടോഴ്‌സില്‍ നിന്നും മൈക്ക് അബോട്ട് കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് കൃത്യം ആറ് മാസങ്ങള്‍ പിന്നിട്ടതോടെയാണ് കമ്പനിയില്‍ അഴിച്ചുപണി നടക്കുന്നത്.