സതേണ്‍ ഒന്റാരിയോയിലും ടൊറന്റോയിലും കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത് 940 മില്യണ്‍ ഡോളറിലധികം നാശനഷ്ടം. ഈ വാരാന്ത്യത്തില്‍ ടൊറന്റോയില്‍ റെക്കോര്‍ഡ് മഴ പെയ്തതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്.
ജൂലൈ 16 ആം തിയതി ഒരു മാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തതോടെ ടൊറന്റോയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാനഡയില്‍ പ്രകൃതി ദുരന്തങ്ങള്‍ പതിവാകുമെന്ന് ഐബിസി വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐബിസി ഒന്റാരിയോ ആന്‍ഡ് അറ്റ്‌ലാന്റിക് വൈസ്പ്രസിഡന്റ് അമാന്‍ഡ ഡീന്‍ പ്രസ്താവനയില്‍ പറഞ്ഞു. സാധാരണഗതിയില്‍, വീട് അല്ലെങ്കില്‍ വാഹന പോളിസിക്ക് പുറമെ ഓപ്ഷണല്‍ കവറേജ് എടുത്താല്‍ മാത്രമേ ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കൂവെന്ന് ഐബിസി വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റ്, വെള്ളം തുടങ്ങിയവ മൂലം കേടുപാടുകള്‍ ഉണ്ടാകുന്ന വാഹനങ്ങള്‍ക്കും ഓപ്ഷണല്‍ കവറേജ് ഉണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുകയുള്ളൂവെന്ന് ഐബിസി അറിയിച്ചു.