സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താൻ പദ്ധതിയിട്ട് യുകെ

By: 600007 On: Aug 20, 2024, 5:41 AM

 

ലണ്ടൻ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യാൻ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ യുകെയില്‍ വർധിച്ച്‌ വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച്‌ സ്‌കൂള്‍ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ സർക്കാരിന്റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് റഫർ ചെയ്യണം. തുടർന്ന് ലോക്കല്‍ പൊലീസ് ഇവരുടെ സ്വഭാവം വിലയിരുത്തി അവർക്കെതിരെ നടപടി ആവശ്യമാണോ എന്ന് പരിശോധിക്കും.

തീവ്രവാദികള്‍ അനുയായികളെ ആകർഷിക്കുന്ന രീതിയില്‍ ആൻഡ്രൂ ടേറ്റിനെപ്പോലുള്ള ഇൻഫ്ലുവെൻസേഴ്സ് ബ്രീട്ടീഷ് സമൂഹത്തില്‍ സ്ത്രീവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതായി യുകെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികള്‍ക്ക് യുകെ തയ്യാറെടുക്കുന്നത്.