പുസ്തക പ്രേമികള്‍ക്കായി വമ്പന്‍ പുസ്തക വില്‍പ്പനയുമായി വാന്‍കുവര്‍ പബ്ലിക് ലൈബ്രറി. വെസ്റ്റ് ജോര്‍ജിയ സ്ട്രീറ്റിലുള്ള മെയിന്‍ ബ്രാഞ്ചില്‍ സെപ്തംബര്‍ 5 മുതല്‍ 8 വരെയാണ് 'ഫാള്‍ യൂസ്ഡ് ബുക്ക് സെയില്‍' എന്ന പേരില്‍ ഫ്രണ്ട്‌സ് ഓഫ് വാന്‍കുവര്‍ പബ്ലിക് ലൈബ്രറി സെയില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 30,000 ത്തിലധികം പുസ്തകങ്ങളാണ് വില്‍പ്പനയ്ക്കായി എത്തുക. രണ്ട് ഡോളര്‍ മുതലാണ് വില.
ഫിക്ഷന്‍, ട്രാവല്‍ ഡൈഡുകള്‍, ഫുഡ് ആന്‍ഡ് ഡ്രിങ്ക് ബുക്ക്‌സ്, കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് വില്‍പ്പനയിലുണ്ടാകുക. വാന്‍കുവറിലെ ഏറ്റവും വലിയ യൂസ്ഡ് ബുക്ക് സെയിലില്‍ സിഡികളും ഡിവിഡികളും വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പ്പര്യമുള്ളവര്‍ക്ക് കേടുപാടുകള്‍ വരാത്ത, വൃത്തിയായി സൂക്ഷിച്ചിട്ടുള്ള പഴയ പുസ്തകങ്ങള്‍, സിഡികള്‍, ഡിവിഡികള്‍ എന്നിവ ഫാള്‍ ബുക്ക് സെയിലിലേക്ക് സംഭാവന ചെയ്യാനും അവസരമുണ്ട്. ഫ്രണ്ട്‌സ് ഓഫ് വാന്‍കുവര്‍ പബ്ലിക് ലൈബ്രറിയുടെ പങ്കാളിത്തത്തോടെയുള്ള പ്രത്യേക ലൈബ്രറി പ്രോജക്ടുകള്‍, സര്‍വീസുകള്‍, കളക്ഷന്‍സ്, പ്രോഗ്രാമുകള്‍ എന്നിവയ്ക്കുള്ള ധനസഹായം എന്ന ലക്ഷ്യത്തോടെയാണ് യൂസ്ഡ് ബുക്ക് സെയില്‍ സംഘടിപ്പിക്കുന്നത്.