ജാസ്പര്‍ കാട്ടുതീ: കത്തിനശിച്ച വനം സാധാരണഗതിയിലാകാന്‍ ഒരു നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധര്‍ 

By: 600002 On: Aug 19, 2024, 11:26 AM

 


ജാസ്പര്‍ നാഷണല്‍ പാര്‍ക്കില്‍ കാട്ടുതീയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ആയിരക്കണക്കിന് ഹെക്ടര്‍ വനമാണ് കത്തിയെരിഞ്ഞത്. ഈ കത്തിയെരിഞ്ഞ വനം ഇനി മുമ്പുള്ളത് പോലെ അതിന്റെ സാധാരണ നിലയിലേക്ക് പുനരുജ്ജീവിച്ച് പച്ചപ്പണിയാന്‍ ഒരു നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിബിഡ വനത്തിന്റെ വളര്‍ച്ചയെ കാട്ടുതീയുടെ ആഘാതം സാരമായി ബാധിച്ചേക്കാമെന്ന് ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജെന്‍ ബെവര്‍ലി പറഞ്ഞു. എത്ര ആഴത്തിലാണ് കാട്ടുതീ വനത്തെ ബാധിച്ചതെന്നും പൈന്‍ മരങ്ങള്‍ എത്രത്തോളം നശിച്ചെന്നും വിലയിരുത്തിയാല്‍ മരങ്ങള്‍ വളര്‍ന്ന് വനമായി മാറാന്‍ നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൈന്‍ കോണുകള്‍ വിരിഞ്ഞ് വിത്തുകള്‍ പുറത്തുവന്ന് അവ വളര്‍ന്ന് മരങ്ങളാകാന്‍ സമയം ഏറെയെടുക്കും. വനത്തിനുള്ളില്‍ നശിക്കപ്പെട്ട ആവാസവ്യവസ്ഥയും സാധാരണഗതിയിലാകാന്‍ പതിറ്റാണ്ടുകള്‍ മുതല്‍ നൂറ്റാണ്ടുകള്‍ വരെയെടുക്കും. 

ജൂലൈ 22 ന് ആരംഭിച്ച കാട്ടുതീ നാഷണല്‍ പാര്‍ക്കിലും ടൗണിലേക്കും പടര്‍ന്നു. ജാസ്പര്‍ ടൗണ്‍സൈറ്റിലെ 5000 ത്തോളം നിവാസികളെ ഒഴിപ്പിക്കേണ്ടി വന്നു. ടൗണിലെ മൂന്നിലൊന്ന് കെട്ടിടങ്ങള്‍ കാട്ടുതീയില്‍ നശിച്ചു. 

വെള്ളിയാഴ്ച ജാസ്പര്‍ നിവാസികളെ പട്ടണത്തിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കാട്ടുതീ വീണ്ടും ആളിപ്പടരുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറായിരിക്കണമെന്നും പാര്‍ക്ക്‌സ് കാനഡ നിര്‍ദ്ദേശിച്ചു. അതേസമയം, ജാസ്പര്‍ ദേശീയ പാര്‍ക്ക് അടച്ചിട്ടുണ്ടെങ്കിലും പട്ടണത്തില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.