ടൊറന്റോയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 12കാരന്‍ കുറ്റം സമ്മതിച്ചു. സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ പ്രതി ടൊറന്റോയുടെ ചരിത്രത്തില്‍ കൊലപാതക കുറ്റം ചുമത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. കാനഡയില്‍ ഒരു വ്യക്തിക്കെതിരെ കുറ്റകൃത്യം ചുമത്താവുന്ന ഏറ്റവും കുറഞ്ഞ പ്രായമാണ് 12.
2023 സെപ്റ്റംബര്‍ 5 ന് സ്‌കാര്‍ബറോയില്‍ കെന്നഡി റോഡിനും ഹൈവേ 401 നും സമീപം ഡണ്ടാല്‍ക്ക് ഡ്രൈവിലുള്ള സ്‌കാര്‍ബറോ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. 12 വയസ്സുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. സ്ഥലത്ത് നിന്നും ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. ഇപ്പോള്‍ 13 വയസ്സുള്ള ആണ്‍കുട്ടി വ്യാഴാഴ്ച കോടതിയില്‍ കുറ്റം സമ്മതിച്ചതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് നാല് വര്‍ഷത്തെ കസ്റ്റഡി ഉള്‍പ്പെടെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട്(YCJA) പ്രകാരം, കസ്റ്റഡി ശിക്ഷകള്‍ പ്രധാനമായും അക്രമാസക്തവും ഗുരുതരവുമായ കുറ്റവാളികളെ ഉദ്ദേശിച്ചുള്ളതാണ്.