കാനഡയിലെ പ്രധാന നഗരങ്ങളില്‍ പബ്ലിക് ട്രാന്‍സിറ്റ് സര്‍വീസുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാടുപെടുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഫണ്ടിംഗ് കുറയുന്നതാണ് ട്രാന്‍സിറ്റ് സര്‍വീസുകള്‍ താഴ്ന്ന നിലവാരത്തിലെത്താന്‍ കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മാസം അവസാനത്തോടെ ലീഡിംഗ് മൊബിലിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ട്രാന്‍സിറ്റ് സംവിധാനങ്ങള്‍ക്കായി ആസൂത്രണം ചെയ്ത 120 ബില്യണ്‍ ഡോളര്‍ നിലവില്‍ ബസുകളും ട്രെയിനുകളും സര്‍വീസ് നടത്താന്‍ പാടുപെടുന്ന നഗരങ്ങളെ സഹായിക്കാന്‍ ഉതകുന്നതല്ലെന്ന് ലീഡിംഗ് മൊബിലിറ്റി കാനഡ പറയുന്നു.
യാത്രാനിരക്ക്, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവ വഴിയാണ് ഭൂരിഭാഗം ട്രാന്‍സിറ്റുകള്‍ക്കും ധനസഹായം ലഭിക്കുന്നത്. മറ്റ് വരുമാന സ്രോതസ്സുകള്‍ക്കായി നഗരങ്ങള്‍ക്ക് വളരെ പരിമിതമായ ഓപ്ഷനുകള്‍ മാത്രമാണുള്ളതെന്ന് ലീഡിംഗ് മൊബിലിറ്റി പ്രിന്‍സിപ്പലും സ്റ്റഡി-കോ ഓഥറുമായ ഡേവിഡ് കൂപ്പര്‍ പറയുന്നു.
വാന്‍കുവര്‍, കാല്‍ഗറി, എഡ്മന്റണ്‍, വിന്നിപെഗ്, ഓട്ടവ, ടൊറന്റോ, മോണ്‍ട്രിയല്‍, ഹാലിഫാക്‌സ് എന്നിവടങ്ങളിലെ എട്ട് ട്രാന്‍സിറ്റ് സംവിധാനങ്ങള്‍ക്കായുള്ള ബജറ്റുകള്‍, വരുമാന സ്രോതസ്സുകള്‍, ദീര്‍ഘകാല പദ്ധതികള്‍ എന്നിവ വിശകലനം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ ട്രാന്‍സിറ്റ് സംവിധാനങ്ങളില്‍ ഭൂരിഭാഗവും ബജറ്റ് കമ്മി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ട്രാന്‍സിറ്റ് വിപുലീകരിക്കാന്‍ ശതകോടിക്കണക്കിന് തുകയാണ് വകയിരുത്തുന്നത്. എന്നാല്‍ നിര്‍മാണ ചെലവുകള്‍ കുത്തനെ ഉയരുമ്പോള്‍ പല ട്രാന്‍സിറ്റുകള്‍ക്കും ഫണ്ട് മതിയാകാതെ വരുന്നു. അറ്റകുറ്റപ്പണികള്‍ക്കും ചെലവേറുന്നത് ട്രാന്‍സിറ്റുകളെ ബുദ്ധിമുട്ടിലാക്കുന്നു.