കൊതുകുകളെ നശിപ്പിക്കാന്‍ ഡ്രോണുകള്‍; വെസ്റ്റ് നൈല്‍ വൈറസ് പടരുന്നത് തടയാന്‍ ഓട്ടവയുടെ പദ്ധതി 

By: 600002 On: Aug 17, 2024, 10:18 AM

 

 

വെസ്റ്റ് നൈല്‍ വൈറസ് പടരുന്നത് തടയാന്‍ ഓട്ടവയില്‍ കൊതുകുകളെ നശിപ്പിക്കാനായി ഡ്രോണുകള്‍ വിന്യസിപ്പിച്ചു. പ്രാണികളെയും അവ വഹിക്കാന്‍ സാധ്യതയുള്ള അപകടകരമായ വൈറസുകളെയും നിയന്ത്രിക്കാനുള്ള ഓട്ടവ പബ്ലിക് ഹെല്‍ത്തിന്റെ(OPH) പദ്ധതിയുടെ ഭാഗമായാണ് ഡ്രോണുകളുടെ ഉപയോഗം. കൊതുകുകളെ നശിപ്പിക്കാന്‍ ലാര്‍വിസൈഡുകള്‍ വഹിക്കാനും ചിതറിയിടാനും സാധിക്കുന്ന ഡ്രോണുകളാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വിന്യസിക്കുന്നത്. 

GDG എണ്‍വയോണ്‍മെന്റ് ആണ് സാങ്കേതികവിദ്യ സപ്ലൈ ചെയ്യുന്നതും ഓപ്പറേറ്റ് ചെയ്യുന്നതും. വലിയ പ്രദേശങ്ങള്‍ക്ക് വലിയ ഡ്രോണുകള്‍ ആവശ്യമാണെന്ന് കമ്പനിയുടെ ശാസ്ത്ര ഉപദേശകനായ റിച്ചാര്‍ഡ് ട്രൂഡല്‍ പറയുന്നു. കമ്പനിയുടെ വലിയ ഡ്രോണിന് ആറ് മീറ്റര്‍ ചുറ്റളവില്‍ ലാര്‍വിസൈഡ് വ്യാപിപ്പിക്കാന്‍ കഴിയും. മാത്രമല്ല, സാധാരണയായി ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരാനും കഴിയും. 
കൊതുകുകളുടെ ലാര്‍വകളെ കൊല്ലുന്നത് മാത്രമല്ല വൈറസ് പടരുന്നത് തടയാന്‍ ചെയ്യുന്നത്. വൈറസ് എവിടെയാണെന്ന് തിരിച്ചറിയാന്‍ കൊതുകുകളെ പരിശോധിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ അഞ്ച് കൂട്ടങ്ങളോളം കൊതുകുകളില്‍ വെസ്റ്റ് നൈല്‍ പോസിറ്റീവ് സ്ഥിരീകരിച്ചു. കൂടാതെ ഒരാള്‍ക്ക് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഡ്രോണുകളില്‍ ഉപയോഗിക്കുന്ന ലാര്‍വിസൈഡ് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സുരക്ഷിതമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അലിസണ്‍ സാമുവേല്‍ പറഞ്ഞു. വെക്ടോലെക്‌സ്, മെത്തോപ്രീന്‍, ബിടിഐ എന്നിവ എണ്‍വയോണ്‍മെന്റ് മിനിസ്ട്രി എംസിപി അംഗീകരിച്ച ഉല്‍പ്പന്നങ്ങളാണ്. ഇവ പരിസ്ഥിത സൗഹാര്‍ദമാണെന്നും യാതൊരു വിധ ദോഷഫലങ്ങളും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും കൊതുകു കടിയില്‍ നിന്നും രക്ഷനേടണം. അതിനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ പ്രയോഗിക്കണമെന്നും സാമുവല്‍ നിര്‍ദ്ദേശിച്ചു.