ക്ലീന്‍ എനര്‍ജി ട്രാന്‍സിഷനില്‍ കാനഡയിലെ ജനങ്ങള്‍ ആശങ്കാകുലരാണെന്ന് പഠന റിപ്പോര്‍ട്ട് 

By: 600002 On: Aug 16, 2024, 10:04 AM

 

 

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഊര്‍ജം പരിവര്‍ത്തനം ചെയ്‌തെടുക്കുന്നത് സംബന്ധിച്ച് കാനഡയിലെ ജനങ്ങള്‍ ആശങ്കാകുലരാണെന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ പൊതുജനാഭിപ്രായ സര്‍വേ. നാച്ചുറല്‍ റിസോഴ്‌സസ് കാനഡ കമ്മീഷന്‍ ചെയ്ത് പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടുകളില്‍ ക്ലീന്‍ എനര്‍ജി ഷിഫ്റ്റ്, സീറോ എമിഷന്‍ വാഹനങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് പഠിക്കുകയാണ് ചെയ്തത്. 

രാജ്യത്തെ കാര്‍ബണ്‍ വിലനിര്‍ണയെത്തെച്ചൊല്ലിയുള്ള രാഷ്ട്രീയപോരാട്ടങ്ങള്‍ക്കിടയില്‍ ചിലര്‍ മാത്രമാണ് കാര്‍ബണ്‍ നികുതി വര്‍ധന ഊര്‍ജബില്ലുകളില്‍ പ്രതിസന്ധി തീര്‍ക്കുന്നുവെന്ന് കുറ്റപ്പെടുത്തിയത്. ഊര്‍ജബില്ലുകളിലെ വര്‍ധന എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവര്‍ക്ക് ഇത് സംബന്ധിച്ച് പരിമിതമായ ധാരണ മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി. എല്ലാ മേഖലയിലും ചെലവ് വര്‍ധിക്കുകയാണ് എന്നതിനാലാണ് ഊര്‍ജബില്ലുകളില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാനഡയില്‍ ഭൂരിപക്ഷം പേരും ക്ലീന്‍ എനര്‍ജിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെ പിന്തുണയ്ക്കുമ്പോള്‍ ഈ പരിവര്‍ത്തനത്തിന്റെ ചെലവ് ആശങ്കാജനകമാണെന്ന് പലരും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.