കാനഡയില്‍ പുതിയ ഫെഡറല്‍ രാഷ്ട്രീയ പാര്‍ട്ടിയായ കനേഡിയന്‍ ഫ്യൂച്ചര്‍ പാര്‍ട്ടി ബുധനാഴ്ച ഓട്ടവയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ലിബറല്‍ പാര്‍ട്ടിയോടും കണ്‍സര്‍വേറ്റീവുകളോടും അസന്തുഷ്ടരായ വോട്ടര്‍മാര്‍ക്ക് കേന്ദ്രീകൃത ഓപ്ഷനായി തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയാണിതെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. ഡൊമിനിക് കാര്‍ഡിയാണ് കനേഡിയന്‍ ഫ്യൂച്ചര്‍ പാര്‍ട്ടിയുടെ ഇടക്കാല നേതാവ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ പ്രവര്‍ത്തകയായ റ്റാരാ മക്‌ഫെയിലാണ് ഇടക്കാല പാര്‍ട്ടി അധ്യക്ഷ. 'രാഷ്ട്രീയമായി ഭവനരഹിതരായ' തന്നെപ്പോലുള്ള കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇടമാണ് പുതിയ പാര്‍ട്ടിയെന്ന് മക്‌ഫെയില്‍ പറഞ്ഞു.
പുതിയ പാര്‍ട്ടി ഇടത്തോട്ടോ വലത്തോട്ടോ അല്ല, മറിച്ച് മുന്നോട്ടാണ് പ്രയാണം ചെയ്യുകയെന്ന് ന്യൂബ്രണ്‍സ്‌വിക്കിലെ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിലെ മുന്‍ കാബിനറ്റ് മന്ത്രിയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ നേതാവുമായി കാര്‍ഡി പറഞ്ഞു. വസ്തുതകള്‍ക്കൊപ്പം ഗവേഷണവും രീതിശാസ്ത്രവും പങ്കിട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അതാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമെന്നും കാര്‍ഡി വ്യക്തമാക്കി. അതിനാല്‍ പാര്‍ട്ടി എങ്ങനെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.