ടൊറന്റോയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനെ തുടര്‍ന്ന് പിടിയിലായ പ്രതിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കുന്നത് ഫെഡറല്‍ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും ലെവന്റിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കനേഡിയന്‍ പൗരന്‍ അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദി(62), മകന്‍ മൊസ്തഫ എല്‍ദിദി(26) എന്നിവര്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇവര്‍ കാനഡയിലേക്ക് പ്രവേശിച്ചതും ഇവരുടെ കനേഡിയന്‍ പൗരത്വം സംബന്ധിച്ചും നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ആ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഈ പ്രഖ്യാപനം വരുന്നത്.
അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദിക്ക് എങ്ങനെ കനേഡിയന്‍ പൗരത്വം ലഭിച്ചുവെന്നത് അന്വേഷിക്കാന്‍ ഡെപ്യൂട്ടി മിനിസ്റ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നോവസ്‌കോഷ്യ ചര്‍ച്ച് പോയിന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി. ഫെഡറല്‍ നിയമം അനുസരിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയോ പ്രസക്തമായ വസ്തുതകള്‍ മറച്ചുവെച്ചോ ഒരു വ്യക്തി പൗരത്വം നേടിയാല്‍ അത് റദ്ദാക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.