ലോകവ്യാപകമായി മങ്കിപോക്‌സ് പടരുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; കാനഡയിലും ജാഗ്രത  

By: 600002 On: Aug 15, 2024, 9:09 AM

 


ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മങ്കിപോക്‌സ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സ് പടരുമ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്‌സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. 

കാനഡയിലും മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്നതായി ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊറന്റോയിലും ഓട്ടവയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓട്ടവയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ടൊറന്റോയില്‍ ജൂലൈ 31 വരെ 93 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. പ്രവിശ്യയിലുടനീളമുള്ള കേസുകളില്‍ 78.4 ശതമാനവും ടൊറന്റോയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതോടെയാണ് മങ്കിപോക്‌സ് പിടിപെടുന്നത്. സാധാരണയായി വലിയ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം മരണകാരണമായേക്കാം. വൈറസ് ബാധിച്ചാല്‍ 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സാധാരണയായി രോഗി സുഖം പ്രാപിക്കാറുണ്ട്. 

ലോകവ്യാപകമായി മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷമമായി പരിശോധിക്കുമെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. എല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഹെല്‍ത്ത് പ്രൊവൈഡറെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.