ആഗോള, ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കാനഡയില്‍ പ്രതിഷേധ പരിപാടികള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ നേരിടാന്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ് മേധാവികള്‍. പ്രതിഷേധങ്ങളില്‍ പോലീസിന് അനാവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. ചൊവ്വാഴ്ച ഹാലിഫാക്‌സില്‍ നടന്ന കനേഡിയന്‍ അസോസിയേഷന്‍ ഓഫ് പോലീസ് ചീഫ്‌സ് മീറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ നല്‍കാന്‍ സര്‍ക്കാരിലെ എല്ലാ തലങ്ങളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരെ അവരുടെ പതിവ് ജോലികളില്‍ നിന്ന് മാറ്റാനും പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ അയക്കാനും തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇതില്‍ മേധാവികള്‍ ആശങ്കാകുലരാണെന്നും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് കമ്മീഷണറും നാഷണല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ തോമസ് കാരിക്ക് പറഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ അക്രമാസക്തമാകാറുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളെയും പ്രതിഷേധക്കാരെയും നേരിടാന്‍ പോലീസിന് കൂടുതല്‍ ഉദ്യോഗസ്ഥരും ഉപകരണങ്ങളും കൂടുതല്‍ പരിശീലനവും ആവശ്യമാണെന്നും കാരിക്ക് കൂട്ടിച്ചേര്‍ത്തു.