കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് ഫാര്‍മേഴ്‌സ് അല്‍മനാക്ക്; ആല്‍ബെര്‍ട്ടയില്‍ വിന്റര്‍ സീസണ്‍ കഠിനമാകും 

By: 600002 On: Aug 14, 2024, 12:14 PM

 

ആല്‍ബെര്‍ട്ടയില്‍ വിന്റര്‍ സീസണ്‍ കഠിനമാകുമെന്നും മഞ്ഞുവീഴ്ച കനക്കുമെന്നും ഫാര്‍മേഴ്‌സ് അല്‍മാനകിന്റെ പ്രവചനം. ലാ നിന പ്രതിഭാസത്തെ തുടര്‍ന്ന് ശൈത്യകാലത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും അനുഭവപ്പെടുമെന്ന് പ്രവചനത്തില്‍ പറയുന്നു. റോക്കീസിന്റെ കിഴക്ക് മുതല്‍ ഒന്റാരിയോ വരെ കാനഡയുടെ മൂന്നില്‍ രണ്ട് ഭാഗത്തും ശരാശരിയിലും താഴെ താപനില ഉണ്ടാകുമെന്നും കാലാവസ്ഥ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. 

പ്രയറീസ് മുതല്‍ ഗ്രേറ്റ് ലേക്ക്‌സ് പ്രദേശം വരെ ശൈത്യകാല താപനില ഏറ്റവും താഴെയായിരിക്കുമെന്ന് പ്രവചിക്കുന്നു. സീസണിലെ ഏറ്റവും തണുപ്പ് അനുഭവപ്പെടുക ജനുവരി അവസാന വാരം മുതല്‍ ഫെബ്രുവരി ആദ്യം വരെയായിരിക്കുമെന്നും പ്രവചിക്കുന്നു. ഡിസംബര്‍ 21 മുതലാണ് കാനഡയില്‍ ശൈത്യകാലത്തിന് തുടക്കമാകുകയെന്നും പ്രവചനത്തില്‍ പറയുന്നു. 

ബീസിയില്‍ അനിയന്ത്രിതമായി തണുപ്പ് അനുഭവപ്പെടുമെങ്കില്‍ ക്യുബെക്കിലും മാരിടൈംസിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്റാരിയോയില്‍ മഞ്ഞും മഴയും ഇടകലര്‍ന്ന സീസണ്‍ ആയിരിക്കും. ഇതോടൊപ്പം കിഴക്കന്‍ പ്രദേശങ്ങളില്‍ ജനുവരി 20 മുതല്‍ 23 വരെയും 24 മുതല്‍ 27 വരെയും കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.