ലണ്ടനില്‍ മലയാളിയായ 10 വയസ്സുകാരിയെ വെടിവച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

By: 600007 On: Aug 14, 2024, 9:28 AM

ലണ്ടൻ ∙ ബ്രിട്ടനിലെ ഹാക്ക്നി റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ മലയാളി കുടുംബത്തിലെ 10 വയസ്സുകാരിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹാംഷെയറിലെ ഫാര്‍ണ്‍ബറോയില്‍ നിന്നുള്ള ജാവോണ്‍ റെയ്ലി (32) ആണ് പൊലീസ് പിടിയിലായത്. പ്രതിക്കെതിരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് കൊലപാതക ശ്രമങ്ങളാണ് ചുമത്തിയിരിക്കുന്നത്.

റിമാന്‍ഡ് ചെയ്ത പ്രതിയെ സെപ്റ്റംബര്‍ 6ന് ഓള്‍ഡ് ബെയ്ലിയില്‍ ഹാജരാക്കും. വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ബ്രിട്ടനിലെ ബർമിങ്ഹാമിൽ നിന്നും സ്കൂൾ അവധി പ്രമാണിച്ചു ലണ്ടൻ സന്ദർശനത്തിന് എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും.

ലണ്ടനിലെ ഹാക്ക്നിയിൽ മെയ് 29 ന് രാത്രി 9.20 നായിരുന്നു വെടിവയ്പ്പ്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിവെപ്പിൽ ഗുരുതരമായ പരുക്കേറ്റിരുന്നു. ബൈക്കില്‍ എത്തിയ അക്രമി കെട്ടിടത്തിനും റസ്റ്ററന്റിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ തന്നെ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംസാരശേഷിയും ചലനശേഷിയും പൂര്‍ണ്ണമായും പെണ്‍കുട്ടി വീണ്ടെടുത്തിട്ടില്ലന്നാണ് സൂചന. വെടിവയ്പ്പിൽ റസ്റ്ററന്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേര്‍ക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ആശുപത്രി വിട്ടിരുന്നു.