തകാറ്റ എയര്‍ബാഗ് തകരാര്‍: കാനഡയില്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഫോര്‍ഡും മസ്ദയും

By: 600002 On: Aug 14, 2024, 9:25 AM

 

 

തകാറ്റ എയര്‍ബാഗുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫോര്‍ഡ്, മസ്ദ കമ്പനികള്‍. തകാറ്റ എയര്‍ബാഗുകളിലുള്ള തകരാര്‍ മൂലമാണ് വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2004 മുതല്‍ 2014 വരെയുള്ള മോഡല്‍ 374,000 ഫോര്‍ഡ്, ലിങ്കണ്‍, മെര്‍ക്കുറി വാഹനങ്ങളും 2003 മുതല്‍ 2015 മോഡല്‍ 83,000 മസ്ദ വാഹനങ്ങളും മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു. 

തകാറ്റ എയര്‍ബാഗുകള്‍ ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഇന്‍ഫ്‌ളേറ്ററുകള്‍ പൊട്ടിത്തെറിച്ച് മെറ്റല്‍ കാനിസ്റ്റര്‍ പുറത്തേക്ക് വരുകയും അത് യാത്രക്കാര്‍ക്ക് ഗുരുതര പരുക്കിനും മരണത്തിനും കാരണമായേക്കുമെന്നും നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ഈ വാഹനങ്ങള്‍ നേരത്തെ തിരിച്ചുവിളിച്ചവയായിരുന്നെങ്കിലും ഇവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് ഏജന്‍സി അറിയിച്ചു. 

യുഎസ്, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ 35 പേരെങ്കിലും തകാറ്റ ഇന്‍ഫ്‌ളേറ്ററുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസില്‍ മാത്രം 400 ഓളം പേര്‍ക്ക് പരുക്കുകളും റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപ്പണി നടത്താത്ത തകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ ഉള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി ഡീലറുമായി ബന്ധപ്പെടണമെന്ന് ഇരു കമ്പനികളും അറിയിച്ചു. മസ്ദ ഡീലര്‍ഷിപ്പ് വഴി അറ്റകുറ്റപ്പണികള്‍ ക്രമീകരിക്കാം. ഫോര്‍ഡും സമാനമായ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഫോര്‍ഡ്‌, മസ്ദ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.