കാല്‍ഗറിയില്‍ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടഭീഷണി ഉയര്‍ത്തുന്നതായി പ്രവിശ്യ കണ്ടെത്തിയ മൂന്ന് ഡേകെയറുകള്‍ അടച്ചുപൂട്ടി. നഗരത്തിലെ ലിറ്റില്‍ സ്‌കോളേഴ്‌സ് ഡേകെയര്‍ ഗ്രീന്‍വ്യൂ, ലിറ്റില്‍ സ്‌കോളേഴ്‌സ് ഡേകെയര്‍ ഇസിഎസ് ലിമിറ്റഡ്, ലിറ്റില്‍ സ്‌കോളേഴ്‌സ് ഡേകെയര്‍ ഇന്‍ക് എന്നിവയാണ് തിങ്കളാഴ്ച അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. മൂന്ന് ഡേകെയറുകളുടെയും ലൈസന്‍സുകള്‍ റദ്ദാക്കി. ഓഗസ്റ്റ് 30 ന് കാലാവധി തീരുന്ന പ്രൊബേഷണറി ലൈസന്‍സുകളില്‍ ഇവ ഉള്‍പ്പെടുത്തിയതായി പ്രവിശ്യ അറിയിച്ചു.
ഡേകെയറുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതായും ഇതില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ സാഹചര്യങ്ങള്‍ കണ്ടെത്തിയതായി ചൈല്‍ഡ് കെയര്‍ ലൈസന്‍സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഡേകെയര്‍ അടച്ചുപൂട്ടല്‍ 300 ഓളം കുട്ടികളെ ബാധിക്കും. ഇത് സംബന്ധിച്ച് മാതാപിതാക്കളോട് നേരിട്ട് അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. വ്യക്തിപരമായി അറിയിക്കാത്ത രക്ഷിതാക്കള്‍ക്ക് ഇ മെയില്‍ വഴി അറിയിപ്പ് നല്‍കുമെന്നും അവര്‍ അറിയിച്ചു.