കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് സെമിട്രെയ്‌ലറില്‍ പത്ത് വിയറ്റ്‌നാം പൗരന്മാരെ അനധികൃതമായ കടത്തിയ കനേഡിയന്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വെള്ളിയാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. കനേഡിയന്‍ പൗരനായ ഹുസൈന്‍ അല്‍ കവ്വാസ്(34) ആണ് മനുഷ്യക്കടത്ത് നടത്തിയത്. അമേരിക്കയിലെത്തിച്ച് മടങ്ങുമ്പോള്‍ 5000 ഡോളര്‍ നല്‍കണമെന്നാണ് കവ്വാസ് ആവശ്യപ്പെട്ടത്. ബുധനാഴ്ച ഡെറ്റ്രോയിറ്റിലാണ് സംഭവം. വാണിജ്യ നേട്ടത്തിനും സ്വകാര്യ സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണ് കവ്വാസ് മനുഷ്യക്കടത്ത് നടത്തിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അതേസമയം, കവ്വാസിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്ന് അഭിഭാഷക എലിസബത്ത് യംഗ് കവ്വാസിന് വേണ്ടി വാദിച്ചു. ഡിട്രിയിറ്റിലെ ഫോര്‍ട്ട് സ്ട്രീറ്റ് കാര്‍ഗോ ഫെസിലിറ്റിയില്‍ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് ഇറാഖ് സ്വദേശിയായ അല്‍ കവ്വാസ് യുഎസിലേക്ക് പ്രവേശിക്കുന്നതിനായി അപേക്ഷിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്ന കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് മനുഷ്യക്കടത്ത് നടത്താന്‍ കവ്വാസ് ശ്രമിച്ചത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് പെരിമീറ്റര്‍ സെക്യൂരിറ്റി ടീം ഓഫീസര്‍മാര്‍ 10 പേരെ കണ്ടെത്തുകയായിരുന്നു. ഇത് വിയറ്റ്‌നാം പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞു. സെക്കന്‍ഡറി ഇന്‍സ്‌പെക്ഷന്‍ പാര്‍ക്കിംഗ് ലോട്ടിനുള്ളില്‍ ഒളിച്ച ഇവര്‍ പിന്നീട് പരിശോധന കഴിയുമ്പോള്‍ ട്രക്കിലേക്ക് കയറുകയാണ് ചെയ്തത്.
5000 ഡോളറിന് ആളുകളെ കടത്താമെന്ന വാഗ്ദാനവുമായി വിന്‍ഡ്‌സറിലെ ട്രക്ക് സ്‌റ്റോപ്പില്‍ യുഎസിലേക്ക് ആളുകളെ കടത്താനായി അല്‍ കവ്വാസ് വിയറ്റ്‌നാം പൗരന്മാരെ സമീപിച്ചുവെന്നും ഇതാദ്യമായാണ് താന്‍ യുഎസിലേക്ക് ആളുകളെ കടത്തുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.