തട്ടിപ്പ് നടക്കില്ല ; യുപിഐ പിന്‍ നമ്പറിനൊപ്പം അധിക സുരക്ഷയും

By: 600007 On: Aug 13, 2024, 6:43 AM

ദില്ലി: യുപിഐ ആപ്പ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാട് രംഗത്തെത്തിച്ച സംവിധാനമാണ് യുപിഐ.ദിവസേന നിരവധി പേരാണ് യുപിഐ വഴി പണമിടപാടുകൾ നടത്തുന്നത്. ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്  നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 

സ്മാർട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ ഇപ്പോളെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനാവുമെന്നതാണ് മെച്ചം.

നിലവിൽ യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എൻപിസിഐ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയാണുള്ളത്. 

ഇത്  തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനുമുള്ള അവസരമൊരുക്കുന്നു. ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാൻ എൻപിസിഐ ഒരുങ്ങുന്നത്. യുപിഐ പിന്നിനൊപ്പം അധിക സുരക്ഷയായി ആണ് ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്. ഈ സംവിധാനം എന്ന് നിലവിൽ വരുമെന്നതിൽ വ്യക്തതയില്ല.