ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ സുനിത വില്യംസും സഹ സഞ്ചാരി ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഒരാഴ്‌ച മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരും സ്റ്റാര്‍ലൈന്‍ പേടകത്തിലെ തകരാറുകളെ തുടര്‍ന്നാണ് ഭൂമിയിലേക്ക് തിരിച്ചെത്താനാകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നത്. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങള്‍ നാസ ഉള്‍പ്പടെ നടത്തുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സുനിതയുടെ ഭര്‍ത്താവ് മൈക്കല്‍ ജെ വില്യംസ്.
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരിച്ചെത്തിക്കണം എന്ന് മൈക്കല്‍ ജെ വില്യംസ് ആവശ്യപ്പെടും എന്ന് കരുതിയ സ്ഥാനത്ത് ഞെട്ടിച്ചിരിക്കുകയാണ് അദേഹത്തിന്‍റെ മറുപടി. ബഹിരാകാശ നിലയം സുനിത വില്യംസിന് ഏറ്റവും സന്തോഷം നല്‍കുന്ന ഇടമാണ് എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിനോട് മൈക്കലിന്‍റെ പ്രതികരണം എന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത നിരാശയാകാന്‍ ഒരു സാധ്യതയുമില്ല എന്ന് വ്യക്തമാക്കുന്നതാണ് ഭര്‍ത്താവിന്‍റെ ഈ വാക്കുകള്‍.
2024 ജൂൺ ആറിന് ഒരാഴ്‌ചത്തെ ദൗത്യവുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബോയിംഗ് സ്റ്റാർലൈനർ പേടകത്തില്‍ കുതിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും അവിടെ 60 ദിവസം പിന്നിട്ടുകഴിഞ്ഞു. ഭൂമിയിലേക്കുള്ള മടങ്ങിവരവിനായി ചിലപ്പോള്‍ 2025 വരെ ഇവര്‍ കാത്തിരിക്കേണ്ടിവന്നേക്കാം എന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇരുവരെയും ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഓഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനമുണ്ടാകും. സ്റ്റാർലൈനർ പേടകത്തിൽ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കിൽ ഈ മാസം മടക്ക യാത്രയുണ്ടാകും. അതിന് സാധിച്ചില്ലെങ്കിൽ അടുത്ത വര്‍ഷം സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാകും സ്റ്റാർലൈനർ യാത്രികരുടെ തിരിച്ചുവരവ്.