യൂറോപ്പിലുടനീളം ടൂറിസ്റ്റ് വിരുദ്ധ വികാരം; അടുത്തത് കാനഡയിലേക്കോ? 

By: 600002 On: Aug 12, 2024, 10:49 AM

 

യൂറോപ്പിന്റെ പല ഭാഗങ്ങളിലും സമീപകാലങ്ങളിലായി ടൂറിസ്റ്റ് വിരുദ്ധ വികാരം അലയടിക്കുകയാണ്. ഏറ്റവും പുതിയ പ്രതിഷേധം ലോകമെമ്പാടും അലയൊലികള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യൂറോപ്പില്‍ സ്‌പെയിനിലാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. ടൂറിസം മേഖലയോട് കൂടുതല്‍ സന്തുലിതമായ സമീപനം വേണമെന്നാണ് സ്പാനിഷ് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുന്നത്. രാജ്യത്തിന്റെ ഭവന പ്രതിസന്ധിക്ക് ടൂറിസം കാരണമാന്നുവെന്ന് പ്രതിഷേധക്കാര്‍ വാദിക്കുന്നു. ബാഴ്‌സലോണ മുതല്‍ മല്ലോര്‍ക്ക വരെ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം യൂറോപ്പില്‍ മുഴുവന്‍ വ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുനെസ്‌കോയിലെ സസ്‌റ്റെയിനബിള്‍ ടൂറിസം സീനിയര്‍ പ്രൊജക്ട് ഓഫീസര്‍ പീറ്റര്‍ ഡിബ്രൈന്‍ പറയുന്നു. 

സമീപ മാസങ്ങളിലായി സ്‌പെയിനിലെ ആയിരക്കണക്കിന് വരുന്ന ആളുകള്‍ മലാഗ, മല്ലോര്‍ക്ക, ഗ്രാന്‍ കാനേറിയ, ഗ്രാനഡ, ബാഴ്‌സലോണ എന്നിവടങ്ങളില്‍ ടൂറിസത്തിനെതിരെ പ്രതിഷേധം നടത്തിവരികയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാജ്യമായി റാങ്ക് ചെയ്യപ്പെട്ട സ്‌പെയിനിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുകൂടി. തങ്ങളുടെ നഗരങ്ങളെ ജീവിക്കാന്‍ യോഗ്യമല്ലാതാക്കിയെന്ന് ടൂറിസ്റ്റ് അധിനിവേശത്തിനെതിരെ സംസാരിക്കുന്നു. 

യൂറോപ്പിലെ പ്രതിഷേധങ്ങള്‍ കാനഡയിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പ്രതിഷേധങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണ്. ഈ വികാരങ്ങള്‍ കാനഡയിലെ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കില്ലെന്ന് ടൂറിസം ഇന്‍ഡസ്ട്രി പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നു. ടൂറിസം ഇന്‍ഡസ്ട്രി അസോസിയേഷന്‍  ഓഫ് കാനഡയുടെ(TIAC) കണക്കനുസരിച്ച്, കാനഡയുടെ മൊത്തം ജിഡിപിയുടെ(42.7 ബില്യണ്‍ ഡോളര്‍) ആഭ്യന്തരവും അന്തര്‍ദേശീയവുമായ ടൂറിസം ഏകദേശം 1.6 ശതമാനം സംഭാവന ചെയ്യുകയും പ്രതിവര്‍ഷം രണ്ട് മില്യണിലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.