മസ്‌ക് വെച്ച കാല്‍ മുന്നോട്ടുതന്നെ; 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഒന്നിച്ച് വിക്ഷേപിച്ചു

By: 600007 On: Aug 11, 2024, 7:56 AM

ഫ്ലോറിഡ: വിപുലമായ സാറ്റ്‌ലൈറ്റ് ശൃംഖല വഴി ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്. 21 'സ്റ്റാര്‍ലിങ്ക്' കൃത്രിമ ഉപഗ്രഹങ്ങളാണ് സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് ഒന്നിച്ച് കഴിഞ്ഞ ദിവസം അയച്ചത്. 


ഫ്ലോറിഡയിലെ കേപ് കാനവേരല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌‌ലൈറ്റുകളുമായാണ് ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. മോശം കാലാവസ്ഥ മൂലം ഒരു ദിവസം വൈകിയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഏകദേശം എട്ട് മിനുറ്റുകള്‍ക്കുള്ളില്‍ ഫാള്‍ക്കണ്‍ റോക്കറ്റിന്‍റെ ഒരു ഭാഗം അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ പ്രത്യേക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു എന്നും സ്പേസ് എക്‌സ് അറിയിച്ചു. ഈ മാസം മാത്രം സ്പേസ് എക്‌സിന്‍റെ നാലാം ബഹിരാകാശ വിക്ഷേപണമാണിത്. ഓഗസ്റ്റ് 2, 4 തിയതികളില്‍ സ്റ്റാര്‍ലൈന്‍ സാറ്റ്‌ലൈറ്റുകളും, ഓഗസ്റ്റ് നാലാം തിയതി തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സിഗ്നസ് കാര്‍ഗോ സ്പേസ്‌ക്രാഫ്റ്റിന്‍റെ വിക്ഷേപണവും സ്പേസ് എക്‌സ് നടത്തിയിരുന്നു.