ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ പെഴ്‌സീഡ് ഉല്‍ക്കവര്‍ഷം; ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ 

By: 600002 On: Aug 10, 2024, 6:55 PM

 

 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീഡ് ഉല്‍ക്കാവര്‍ഷം ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയെന്ന് നാസ. വര്‍ഷം തോറും ഏകദേശം ഇതേ കാലയളവിലാണ് പെഴ്‌സീഡ് ഉല്‍ക്കാമഴ സംഭവിക്കാറ്. കഴിഞ്ഞ വര്‍ഷം 13,14 തീയതികളിലായിരുന്നു ഉല്‍ക്കവര്‍ഷം. ഉത്തരാര്‍ധ ഗോളത്തില്‍ എവിടെ നിന്നും പെഴ്‌സീഡ് ഉല്‍ക്കാമഴ കാണാം. ഒന്നിന് പിറകെ ഒന്നായി അന്തരീക്ഷത്തില്‍ ഉല്‍ക്കകള്‍ കത്തിയമരുന്നതിന്റെ തിളക്കം ആകാശത്ത് ദൃശ്യമാകും. മണിക്കൂറില്‍ 50 മുതല്‍ 100 വരെ ഉല്‍ക്കകള്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അഭിപ്രായത്തില്‍ കാനഡയില്‍ വടക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് ഉല്‍ക്കവര്‍ഷം കാണാന്‍ കഴിയും. പ്രകാശങ്ങളൊന്നുമില്ലാത്ത, തിരക്കുകളില്ലാത്ത നാട്ടിന്‍ പുറങ്ങളിലെ ആകാശങ്ങളില്‍ ഉല്‍ക്കമഴ വ്യക്തമായി കാണാം. അതിനാല്‍ നഗരം വിട്ട് ഇരുട്ട് നിറഞ്ഞ സ്ഥലങ്ങള്‍ അപൂര്‍വ ദൃശ്യം കാണാന്‍ തെരഞ്ഞെടുക്കാന്‍ ഏജന്‍സി നിര്‍ദ്ദേശിക്കുന്നു. 

പെഴ്‌സീഡ് ഉല്‍ക്കാമഴയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നാസയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.