കഴിഞ്ഞ ആഴ്ച തെക്കൻ ബ്രസീലില്‍ പെരുമഴയായിരുന്നു പെയ്തൊഴിഞ്ഞത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചില പ്രദേശങ്ങളില്‍ അതിശക്തമായ രീതിയില്‍ മലവെള്ളം കുത്തിയൊഴുകി. ഒടുവില്‍ മഴയൊന്ന് ശമിച്ചപ്പോള്‍, പല ഇടങ്ങളിലും ചെറു കുഴികള്‍ രൂപപ്പെട്ട് തുടങ്ങിയിരുന്നു. സമാനമായ അവസ്ഥയായിരുന്നു ക്വാർട്ട കൊളോണിയ ജിയോപാർക്കിലും. ശക്തമായി കുത്തിയൊഴുകിയ മല വെള്ളപ്പാച്ചലില്‍ ക്വാർട്ട കൊളോണിയ ജിയോപാർക്കില്‍ രൂപപ്പെടുത്തിയ ഒരു കുഴിയില്‍ കണ്ടെത്തിയത് 233 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ഫോസില്‍.
പ്രാഥമിക പരിശോധനയില്‍ ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന 'ദിനോസര്‍ ഫോസിലാ'കാനാണ് സാധ്യതയെന്ന് പാലിയന്‍റോളജിസ്റ്റുകൾ പറയുന്നു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ മണ്ണൊലിപ്പ് വര്‍ദ്ധിപ്പിച്ചതോടെ പാർക്കിലെ പാലിയന്‍റോളജിസ്റ്റുകള്‍ മറ്റ് ഫോസിലുകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിനിടെയാണ് അത്യപൂര്‍വ്വ കണ്ടെത്തല്‍. എല്ലാ ഭൂഖണ്ഡങ്ങളും ഒരൊറ്റ ഭൂഖണ്ഡമായി നിന്ന, സൂപ്പർ ഭൂഖണ്ഡം ഉണ്ടായിരുന്ന കാലത്ത്, 233 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് പാംഗിയ കാലഘട്ടത്തിലാണ് ഈ ദിനോസര്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഏകദേശം 233 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പാംഗിയയുടെ ഒരു പ്രത്യേക ഭാഗത്ത് ജീവിച്ചിരുന്നത് മാംസഭോജികളായ ദിനോസറുകളുടെ ഹെരേരസൗറിഡേ കുടുംബത്തിലെ (Herrerasauridae family) അംഗമായിരുന്നു ഇപ്പോള്‍ ലഭിച്ച ദിനോസറും. എട്ടടി നീളമുള്ള ഹെരേരസൗറിഡേ (ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് 20 അടിയിൽ കൂടുതൽ നീളമുണ്ടാകാം) പിന്നീട് വംശനാശം നേരിട്ടു.