കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 6.4 ശതമാനമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. കഴിഞ്ഞ മാസം മൊത്തം തൊഴിലവസരങ്ങളില്‍ നേരിയ മാറ്റം ഉണ്ടായതായും സമ്പദ്‌വ്യവസ്ഥയില്‍ അപ്രതീക്ഷിതമായി 2,800 തൊഴിലവസരങ്ങള്‍ നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാപകമായ പിരിച്ചുവിടലുകളേക്കാള്‍ ശക്തമായ ജനസംഖ്യാ വളര്‍ച്ച കാരണം തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു. അതേസമയം, 22,500 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും തൊഴിലില്ലായ്മാ നിരക്ക് ജൂണിലെ 6.4 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയരുമെന്നും വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
നിര്‍മാണവും യൂട്ടിലിറ്റികളും വഴി ചരക്ക്-ഉല്‍പ്പാദന മേഖലയില്‍ 12,000 തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. അതേസമയം, സേവന മേഖലയ്ക്ക് 14,800 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കൂടുതലും മൊത്ത, ചില്ലറ വ്യാപാരത്തിലും ചില സാമ്പത്തിക സംബന്ധമായ ജോലികളിലുമാണ് തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയത്.