ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ ഐഎസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാകാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

By: 600002 On: Aug 10, 2024, 2:07 PM

 

 

ആഫ്രിക്കയുടെ വലിയൊരു ഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും അനുബന്ധ തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളുടെ നിയന്ത്രണത്തിന് കീഴിലാകുമെന്ന് ഐക്യരാഷ്ട്ര സംഭയിലെ തീവ്രവാദ വിരുദ്ധ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. വിയന്നയില്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പരിപാടിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വ്‌ലാദിമിര്‍ വൊറോന്‍കോവിന്റെ പ്രസ്താവന വരുന്നത്. രണ്ട് പ്രതികളും ഭീകരവാദ സംഘടനയായ ഐഎസില്‍ നിന്നും അല്‍-ഖ്വയ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന് ഓസ്ട്രിയന്‍ അതോറിറ്റി പറഞ്ഞിരുന്നു. 

പടിഞ്ഞാറന്‍ ആഫ്രിക്കയിലും സഹേലിലും ഐഎസ് ഗ്രൂപ്പിന്റെ അഫിലിയേറ്റുകള്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയും ഏകീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎന്‍ കൗണ്‍സിലിലെ പതിവ് റിപ്പോര്‍ട്ടില്‍ വ്‌ലാദിമിര്‍ വോറോന്‍കോവ് അംഗങ്ങളോട് വിശദീകരിച്ചു. തീവ്രവാദ സംഘടനകളുടെ സ്വാധീനം തുടര്‍ന്നാല്‍ മാലി മുതല്‍ വടക്കന്‍ നൈജീരിയ വരെ വ്യാപിച്ചുകിടക്കുന്ന വലിയ ഒരു പ്രദേശം അവരുടെ നിയന്ത്രണത്തിന് കീഴിലാകുമെന്ന് വോറോന്‍കോവ് പറഞ്ഞു. 

മൊസാംബിക്, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങി ഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലും ഐഎസ് ഗ്രൂപ്പിന്റെ അഫിലിയേറ്റുകള്‍ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ടെന്നും ഇത് ഭീകര ആക്രമണങ്ങളിലും പ്രവര്‍ത്തനങ്ങളിലും വര്‍ധനവ് ഉണ്ടാക്കിയതായും നിരവധി സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.