ബ്രസീലിൽ വിമാന ദുരന്തം, യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു

By: 600007 On: Aug 10, 2024, 4:29 AM

സാവോപോളോ: ബ്രസീൽ നഗരത്തെ നടുക്കി വിമാന ദുരന്തം. 62 പേര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിൻഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം.
 
ബ്രസീൽ ടിവി ഗ്ലോബോ ന്യൂസ് വിമാനം വീണ് വലിയ പ്രദേശത്ത് തീപടരുന്നതിൻ്റെയും വിമാനത്തിൻ്റെ ഫ്യൂസ്‌ലേജിൽ നിന്ന് പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടു. മറ്റൊരു ദൃശ്യങ്ങളിൽ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ കാരണമടക്കം ഉള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായി വരികയാണ്.