ഹാരി രാജകുമാരന്റെ ബീസി ത്രിദ്വിന സന്ദര്‍ശനം: വാന്‍കുവര്‍ പോലീസ് ഓവര്‍ടൈം ഇനത്തില്‍ ചിലവാക്കിയത് 44,555 ഡോളറെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Aug 9, 2024, 6:40 PM

 

ഹാരി രാജകുമാരനും മേഗനും ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നടത്തിയ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വാന്‍കുവര്‍ പോലീസ്  ഓവര്‍ടൈം ഇനത്തില്‍ ചെലവാക്കിയത് 44,000 ഡോളറെന്ന് രേഖകള്‍. 2025 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നടക്കാനിരിക്കുന്ന ഇന്‍വിക്റ്റസ് ഗെയിംസിന്റെ പ്രചാരണത്തിനായി ഫെബ്രുവരി 14,15,16 തിയതികളിലാണ് സന്ദര്‍ശനം നടത്തിയത്. വാന്‍കുവറിലും വിസ്‌ലറിലുമായിരുന്നു സന്ദര്‍ശനം.  

വിവരാവകാശ അഭ്യര്‍ത്ഥനയിലൂടെ ലഭിച്ച ഡാറ്റ അനുസരിച്ച്, ഹാരി രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട അധികസമയത്തിനായി വാന്‍കുവര്‍ പോലീസ് 44,555 ഡോളര്‍ ചെലവഴിച്ചു. 

അതേസമയം, പോലീസ് അവര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. നഗരത്തില്‍ നടന്നുകൊണ്ടിരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നടന്ന സന്ദര്‍ശനമായതിനാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സുരക്ഷ ഒരുക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. 

വാന്‍കുവറില്‍ ഫെബ്രുവരിയില്‍ ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍, സിഖ്കാരുടെ പ്രതിഷേധങ്ങള്‍ തുടങ്ങി നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. ഇതിനിടയിലാണ് ഹാരി രാജകുമാരന്റെ സന്ദര്‍ശനം.