കാനഡയിലെ വലിയ രണ്ട് നഗരങ്ങളായ ടൊറന്റോയിലും മോണ്‍ട്രിയലിലും പ്രതിവര്‍ഷം ഏകദേശം 1,100 ആളുകളുടെ മരണം, വാഹനങ്ങളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മൈക്രോസ്‌കോപിക് എയര്‍ പൊലൂറ്റന്റിന് പ്രധാനമായ പങ്കുണ്ടെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ UFP എന്നറിയപ്പെടുന്ന അള്‍ട്രാഫൈന്‍ കണികകള്‍ വായുവില്‍ കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി 100 നാനോമീറ്ററില്‍ താഴെ വലിപ്പമുള്ളവയാണ് യുഎഫ്പികള്‍. ഇവ മരണസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു.
2001 നും 2016 നും ഇടയില്‍ ടൊറന്റോയിലും മോണ്‍ട്രിയലിലും വായുമലിനീകരണ തോത് നിരീക്ഷിച്ചു. 1.5 മില്യണ്‍ ജനങ്ങളെയും UFP കളുമായുള്ള സമ്പര്‍ക്കവും മരണസാധ്യതയും തമ്മിലുള്ള ബന്ധവും കണക്കാക്കി. യുഎഫ്പികള്‍ കൂടുതലായുള്ള മേഖലകളില്‍ താമസിക്കുന്ന ജനങ്ങളില്‍ മൊത്തത്തില്‍ മരണനിരക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ധിക്കുന്നു. ഇവര്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലയിലാണ് ജീവിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകന്‍ സ്‌കോട്ട് വെയ്‌ഷെന്തല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സൂക്ഷ്മകണികകള്‍ മനുഷ്യശരീരത്തിലേക്ക് പെട്ടെന്ന് തുളച്ചുകയറുകയും രക്തപ്രവാഹത്തില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഇത് ഹൃദ്രോഗങ്ങള്‍, ചില കാന്‍സറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മോണ്‍ട്രിയല്‍, ടൊറന്റോ എന്നിവടങ്ങളിലെ ഹൈവേകള്‍, വിമാനത്താവളങ്ങള്‍, റെയില്‍ യാര്‍ഡുകള്‍ എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ ഉയര്‍ന്ന അളവില്‍ യുഎഫ്പികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഉയര്‍ന്ന തോതില്‍ രോഗം വരാനുള്ള സാധ്യതയും മരണ നിരക്കും വര്‍ധിക്കുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.