പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ട 19കാരനുള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെ മൂന്ന് പരിപാടികള്‍ റദ്ദാക്കി. വിയന്നയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഓസ്ട്രിയന്‍ പൗരനായ 19കാരനാണ് അറസ്റ്റിലായത്. പ്രതിയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളാണ് വിയന്നയില്‍ പിടിയിലായത്.
തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പിടിയിലായ 19കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഓസ്ട്രിയന്‍ സുരക്ഷാ വിഭാഗം മേധാവി ഫ്രന്‍സ് റഫ് വ്യക്തമാക്കി. യുവാവിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തിലാണ് സ്വിഫ്റ്റിന്റെ പരിപാടി നടക്കാനിരുന്നത്. ഇറാസ് ടൂറിന്റെ ഭാഗമായാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് പരിപാടിക്കായി വരാനിരുന്നത്.