ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

By: 600007 On: Aug 8, 2024, 12:31 PM

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു. അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍ പ്രവേശനം. സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയാണ് സെഹ്രാവതിന്റെ എതിരാളി. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാനീസ് താരം. സെഹ്രാവത് ആറാം സ്ഥാനത്തും. ഇന്ന് രാത്രി 9.45നാണ് മത്സരം. ഫൈനല്‍ നാളെ നടക്കും. സെമിയില്‍ തോറ്റാലും സെഹ്രാവത്തിന് വെങ്കലത്തിനായി മത്സരിക്കാം.


മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അല്‍ബേനിയന്‍ താരത്തെ പ്രതിരോധത്തിലാക്കാന്‍ സെഹ്രാവത്തിന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡുകള്‍ക്കിടെ യാതൊരു ശ്രമവും നടത്താതിന് സലിംഖാന്‍ മുന്നറിയിപ്പും കൊടുത്തു. അടുത്ത 30 സെക്കന്‍ഡുകള്‍ക്കിടെ അമന്‍ മൂന്ന് പോയിന്റുക ള്‍ നേടി. പിന്നീട് ഒറ്റയടിക്ക് ഒമ്പത് പോയിന്റുകളാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ഇതോടെ 12-0ത്തിന് ഇന്ത്യന്‍ താരം ആധികാരിക വിജയം നേടി. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ ഇഗോറോവിനെ തോല്‍പ്പിച്ചാണ് താരം അവസാനം എട്ടിലെത്തിയിരുന്നത്.