നിങ്ങളുടെ യുപിഐ അക്കൗണ്ട് ഇനി മറ്റൊരാൾക്ക് ഉപയോഗിക്കാനാവും; യുപിഐ പേയ്മെൻ്റ് സംവിധാനത്തിൽ വൻ പരിഷ്കാരം

By: 600007 On: Aug 8, 2024, 10:42 AM

ദില്ലി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസ‍ർവ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയിൽ ഡെലിഗേറ്റഡ് പേയ്‌മെന്‍റ്  സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകൾ നടത്താനാവും. പ്രാഥമിക ഉപഭോക്താവിന്‍റെ അനുമതിയോടെയാകും ഇത് സാധ്യമാവുക. അനുമതി ലഭിച്ചയാള്‍ക്ക്  പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.

പ്രധാനമായും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഏ‍ർപ്പെടുത്തുന്നത്. യുപിഐ പേമെൻ്റ് വഴി നികുതി അടക്കുന്നതിനുള്ള പരമാവധി പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയതിനൊപ്പമാണ് ഈ തീരുമാനവും റിസർവ് ബാങ്ക് സ്വീകരിച്ചത്. രാജ്യത്ത് കുറ‌ഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി യുപിഐ സംവിധാനം വൻ ജനപ്രീതി നേടിയിരുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ യുപിഐ അനുവദിക്കുന്നു. പണനയ യോഗത്തിൽ തുടർച്ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 6.5 ശതമാനമാണ് റിപ്പോ നിരക്ക്. അതിനാൽ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ല.