കാനഡയുടെ നിരത്തുകളില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ രോഷാകുലരാകുന്നുവെന്ന് റിപ്പോര്‍ട്ട്. രോഷ പ്രകടനങ്ങള്‍ റോഡുകളില്‍ വര്‍ധിക്കുമ്പോള്‍ അപകടങ്ങളും വര്‍ധിക്കുകയാണെന്ന് ലെഗര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 83 ശതമാനം ഡ്രൈവര്‍മാരും റോഡ് റേജ് സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. 2022 നെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം ഡ്രൈവര്‍മാര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡ് റേജില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. നിരത്തുകളില്‍ മറ്റ് വാഹനങ്ങളിലുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചത് 20 ശതമാനം പേരാണ്. മൂന്ന് ശതമാനം പേരാണ് കടുത്ത തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും പോയത്.
മാനസിക സമ്മര്‍ദ്ദമുള്‍പ്പെടെയുള്ള ഘടകങ്ങളില്‍ നിന്നാണ് റോഡ് റേജ് ഉണ്ടാകുന്നതെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീക്കവറി പ്രാക്ടീഷ്ണര്‍ പറയുന്നു. വീട്ടിലോ ജോലി സ്ഥലത്തോ അസന്തുഷ്ടനാവുക, സാമ്പത്തിക പ്രതിസന്ധികള്‍, എവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോള്‍ വൈകുന്നത് തുടങ്ങിയ ബാഹ്യകാരണങ്ങളും റോഡ് റേജുകള്‍ക്ക് കാരണമാകുന്നുണ്ട്.
പൊള്ളാരയുടെ 2024 ലെ റോഡ് റേജ് സര്‍വേ പ്രകാരം, ആല്‍ബെര്‍ട്ടയിലും ഒന്റാരിയോയിലുമാണ് ഏറ്റവും കൂടുതല്‍ ക്ഷുഭിതരായ ഡ്രൈവര്‍മാര്‍ ഉള്ളത്. ഇവിടങ്ങളില്‍ 55 ശതമാനം പേര്‍ റോഡ് റേജുകളില്‍പ്പെട്ടവരാണ്. ബീസി, അറ്റ്‌ലാന്റിക് കാനഡ(54 ശതമാനം), മാനിറ്റോബ, സസ്‌ക്കാച്ചെവന്‍(52 ശതമാനം), ക്യുബെക്ക്(48 ശതമാനം) എന്നിവയാണ് ഇതിന് പിന്നാലെയുള്ളത്.