വിദേശ തീവ്രവാദ ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുന്നത് എങ്ങനെയെന്നും അവര്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചതെങ്ങനെയെന്നും ചോദ്യമുയര്‍ത്തി കണ്‍സര്‍വേറ്റീവ് ഹൗസ് ലീഡര്‍ ആന്‍ഡ്രൂ ഷീര്‍. ഭീകരവാദികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചത് ദേശീയ സുരക്ഷയുടെ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ടൊറന്റോയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട, ഐഎസുമായി ബന്ധമുള്ള അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദിയും മകന്‍ മൊസ്തഫ എല്‍ദിദിയും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും ലെവന്റിനും വേണ്ടി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇരുവര്‍ക്കും പൗരത്വം
നല്‍കിയതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുക മാത്രമല്ല, ഇമിഗ്രേറ്റ് ചെയ്യുമ്പോള്‍ ദേശീയ സുരക്ഷാ പരിശോധനകളില്‍ ഇവര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ സാധിച്ചുവെന്നതില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും ആന്‍ഡ്രൂ ഷീര്‍ പറഞ്ഞു.