തിങ്കളാഴ്ച വൈകിട്ട് കാല്‍ഗറിയില്‍ ആഞ്ഞുവീശിയ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴം വീഴ്ചയും നഗരത്തിലും അന്താരാഷ്ട്ര വിമാനത്തവാളത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. വിമാനത്താവളത്തിനകത്ത് സീലിംഗില്‍ നിന്നും മഴ വെള്ളം പെയ്തിറങ്ങുന്നതും ബോര്‍ഡിംഗ് ഗേറ്റിന് സമീപം സീലിംഗ് ടൈല്‍ കഷ്ണങ്ങളായതും ഉള്‍പ്പെടെ നിരവധി കേടുപാടുകളാണ് സംഭവിച്ചത്. കൊടുങ്കാറ്റും മഴയും കാരണം യാത്രക്കാരും ബുദ്ധിമുട്ടിലായി. നിരവധി വീഡിയോകള്‍ യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആലിപ്പഴം വര്‍ഷത്തിലും കനത്ത മഴയിലും വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച അടച്ചിട്ടിരുന്നു. യാത്രക്കാരെ ഇവിടെ നിന്നും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനങ്ങള്‍ ഇപ്പോഴും മറ്റ് ഗേറ്റുകളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നത് തുടരുകയാണെന്നും യാത്രക്കാരുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദിയറിക്കുന്നതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.